ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം

മനോഹാരിത വഴിഞ്ഞൊഴുകുന്ന പ്രദേശമാണ് മലയാലപ്പുഴ. ഇരുവശത്തും പുഴകളുള്ള മലകള്‍ നിറഞ്ഞ പ്രദേശം എന്ന അര്‍ത്ഥത്തിലാകും മലയാലപ്പുഴ എന്ന പേര്‍ വന്നത്. ഭൂവിസ്തൃതിയുടെ ഏതാണ്ട് 93 % വരും മലകള്‍. വടക്കു പടിഞ്ഞാറ്ഭാഗത്ത് നിന്നും തെക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞാണ് പഞ്ചായത്തിന്‍റെ കിടപ്പ്. വടക്ക് കല്ലാറും വടശ്ശേരിക്കര പഞ്ചായത്തും ,തെക്ക് അച്ചന്‍കോവിലാറും കിഴക്ക് കോന്നി പഞ്ചായത്തും പടിഞ്ഞാറ് മൈലപ്ര പഞ്ചായത്തുമാണ് അതിരുകള്‍.

ഭൂപ്രകൃതിയനുസരിച്ച് പൊതുവെ അഞ്ചു മേഖലകളായി ഈ പ്രദേശത്തെ തിരിക്കാം.

1.       ഉയര്‍ന്ന മലകള്‍

2.       കുത്തനെയുള്ള ചരിവുകള്‍

3.       ചെറിയ ചരിവുകള്‍

4.       ഇടുങ്ങിയ താഴ് വരകള്‍

5.       നദീതീര സമതലം

ഉയര്‍ന്ന മലകള്‍

          പഞ്ചായത്തിന്‍റെ വടക്കു പടിഞ്ഞാറ് ഭാഗങ്ങളില്‍ വളരെ പൊക്കം കൂടിയ മലകളാണുള്ളത്. 850-900 അടി വളരെ പൊക്കമുള്ള മലകള്‍ ഈ ഭാഗത്തുണ്ട്. ഇതോടൊപ്പമെത്തുന്ന കുന്നുകള്‍ മറ്റു പ്രദേശങ്ങളിലുമുണ്ട്. കുമ്പഴ എസ്റ്റേറ്റിലെ ഒന്നാം ഡിവിഷന്‍, ബംഗ്ലാം മുരുപ്പ്, ചീങ്കല്‍ത്തടം, കോട്ടമല, നീളാത്തിമുരുപ്പ്, മുണ്ടയ്ക്കല്‍ മുരുപ്പ്, മണലൂര്‍ മുരുപ്പ്, ഉപ്പിടുംപാറ, വെള്ളറമുരുപ്പ്, പാറപ്പള്ളില്‍ മുരുപ്പ്, തുടങ്ങി രണ്ട് ഡസനിലധികം വരുന്നു ഈ വലിയ മലകള്‍. ഇവയുടെ വശങ്ങള്‍ കുത്തനെയുള്ള ചരിവുകളാണ്. പല പ്രദേശങ്ങളിലും കയ്യാലകള്‍ നിര്‍മ്മിക്കാത്തതുകൊണ്ട് മണ്ണൊലിപ്പ് വളരെ കൂടുതലാണ്. ചില പ്രദേശങ്ങളില്‍ മണ്ണ് ഒലിച്ചുപോയി പാറക്കെട്ടുകള്‍ തെളിഞ്ഞിരിക്കുന്നു. കുന്നിന്‍ ചരിവുകളില്‍ അധികവും റബ്ബര്‍ കൃഷി നടന്നതായിട്ടാണ് കാണുന്നത്.ചെറിയ ചരിവുകളില്‍ മണ്ണൊലിപ്പ് താരതമ്യേന കുറവാണ്.

          മലകള്‍ക്കിടയിലുള്ള താഴ് വരകള്‍ പൊതുവെ ഇടുങ്ങിയതാണ്. ചുരുക്കം ചില താഴ്വരകള്‍ മാത്രം താഴ് വരകളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. വൈള്ളറ, കിഴക്കുപുറം, പൊതീപ്പാട് മുണ്ടയ്ക്കല്‍ ഭാഗങ്ങളായി ഏതാണ്ട് ഹെക്ടര്‍ വിസ്തീര്‍ണ്ണം വരുന്ന വയലുകള്‍ ഈ പട്ടികയില്‍ പെടുത്താവുന്നതാണ്. വടക്കുപുറം വെട്ടൂര്‍ വാര്‍ഡുകളിലെ അച്ചന്‍കോവിലാറിന്‍റെ തീരമാണ് നദീതീരസമതലം. ഫലപുഷ്ടമായ ഈ പ്രദേശത്തിന്‍റെ നല്ലൊരു ഭാഗം ഇഷ്ടിക കളങ്ങളായി മാറിയിരിക്കുന്നു.

 

കാലാവസ്ഥ

           ജില്ലയില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയാണ് പൊതുവെ പഞ്ചായത്തിലും ഉള്ളത്. എന്നാല്‍ ഉയര്‍ന്ന പ്രദേശമെന്ന നിലയില്‍ ചൂട് അല്‍പം കുറവുണ്ട്. നല്ല മഴയും കിട്ടുന്നുണ്ട്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ  കാലവര്‍ഷവും ,ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവും ലഭിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മെയ് മാസങ്ങളില്‍ കഠിനമായ ചൂട് അനുഭവപ്പെടുന്നു. മെയ് മാസത്തില്‍ വേനല്‍ മഴയും കുറെയൊക്കെ ലഭിക്കുന്നുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നല്ല തണുപ്പാണ് മുന്‍കാലങ്ങളില്‍ അനുഭവപ്പെട്ടിരുന്നത്. ഇന്ന് അത്രത്തോളം തണുപ്പില്ല.

ജല ലഭ്യത

          പഞ്ചായത്തിന്‍റെ തെക്കും വടക്കും അതിര്‍ത്തികളില്‍കൂടി അച്ചന്‍കോവിലാറും കല്ലാറും ഒഴുകുന്നു. എന്നാല്‍ കൃഷിക്ക് ഈ നദികളിലെ വെള്ളം വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. വെട്ടൂരില്‍ മാത്രം ഒരു ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിലവിലുണ്ട്.അത് പലപ്പോഴും പ്രവര്‍ത്തന രഹിതമാണ്. മുക്കൂട്ടുങ്കല്‍ തോട്, മീന്‍മുട്ടിക്കല്‍ തോട്, വെള്ളറതോട്, കിഴക്കുപുറം തോട്, വടക്കുപുറം തോട് എന്നിങ്ങനെ ഒരു ഡയനോളം വരുന്ന തോടുകള്‍ ഈ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്നുണ്ട്. വേനല്‍ക്കാലത്ത് ഇവയെല്ലാം വറ്റി വരളുന്നു. ചെറുതും വലുതുമായ നിരവധി കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഇവയൊന്നും പ്രയോജനപ്പെടുന്നില്ല. ഭൂഗര്‍ഭ ജലം നന്നേ കുറവാണ്. 18 കുഴല്‍ കിണറുകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ വെള്ളം കിട്ടുന്നവ അവയില്‍ ആറോ ഏഴോ മാത്രം.

മണ്ണ്

          പഞ്ചായത്തിന്‍റെ അധികം പ്രദേശങ്ങളിലും ചുവന്ന മണ്ണാണ് കാണുന്നത്. ഫലപുഷ്ടിയുള്ളതാണ് ഈ മണ്ണ്. വെട്ടൂരില്‍ നദീതീര സമതലങ്ങളില്‍ എക്കല്‍ മണ്ണുണ്ട്. കറ്റാടി ഭാഗത്ത് ചീങ്കല്‍മണ്ണാണ് അധികവും. വെമറ കിഴക്കുപുറം പൊതീപ്പാട് ഭാഗങ്ങളിലെ വയലുകളില്‍ ചെളിമണ്ണാണ് ഉള്ളത്. പത്താം വാര്‍ഡിലെ നല്ലൂരില്‍ വലിയൊരു ഭാഗം പാറക്കെട്ടുകളാണ്. എന്നാല്‍ അവയ്ക്കിടയില്‍ നല്ല ഫലപുഷ്ടിയുള്ള കറുത്ത മണ്ണുണ്ട്. 

 

ഭൂവിനിയോഗം

          6789 ഏക്കര്‍ കൃഷി സ്ഥലമാണ് പഞ്ചായത്തിനുള്ളത്. ഇതു കൂടാതെ 3000 ഏക്കര്‍ വരുന്ന കുമ്പഴ എസ്റ്റേറ്റ് വക റബ്ബര്‍ പ്ലാന്‍റേഷനുമുണ്ട്. 160 ഏക്കറാണ് നിലത്തിന്‍റെ വിസ്തൃതി. പ്രധാന കൃഷി റബ്ബറാണ്. അൂവായിരം ഏക്കറോളം വരും ഇത്. 48 ഏക്കര്‍ സ്ഥലം തരിശു നിലമാണ്. 135 ഏക്കര്‍ സ്ഥലം കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

ജൈവ സമ്പത്ത്

          വിപുലമായ ഒരു ജൈവ സമ്പത്താണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ കാലം ചെല്ലുംതോറും ഇവ കുറഞ്ഞു വരുന്നു. വിപുലമായ ഒരു ഔഷധ സസ്യ സമ്പത്ത് ഇന്നും ഇവിടെയുണ്ട്. കുതിരാംകുളം ഭാഗത്ത് കാവുകളുടെ ഒരു സമുച്ചയം തന്നെയുണ്ട്. അറ്റ് പ്രദേശങ്ങളിലും അങ്ങിങ്ങ് കാവുകള്‍ കാണാം.ആ കാവുകളില്‍ അപൂര്‍വ്വ സസ്യങ്ങള്‍ ധാരാളം ഉണ്ട്. മരട്ടി, വെരുക്  തുടങ്ങിയ മൃഗങ്ങളും പലതരം പക്ഷികളും ഇവിടെ ജീവിക്കുന്നു. മുക്കുഴി ഭാഗത്ത് മൂങ്ങ, മയില്‍, വേഴാമ്പല്‍ തുടങ്ങിയ പക്ഷികളെ ചിലകാലങ്ങളില്‍ കാണാം .

മനുഷ്യ വിഭവം

          പഞ്ചായത്തിലെ ജനസംഖ്യ 2011 ലെ സെന്‍സസ് പ്രകാരം 17033 ആണ്. ഇതില്‍ 7982 പേര്‍ പുരുഷന്‍മാരും 9051 പേര്‍ സ്ത്രീകളുമാണ്. 2128 പട്ടികജാതിക്കാരില്‍ 1015 പുരുഷന്‍മാരും 1113 സ്ത്രീകളുമാണ് അന്നുണ്ടായിരുന്നത്. തൊഴിലെടുക്കുന്നവരുടെ എണ്ണം 5283. അതില്‍ സ്ത്രീകള്‍ 1008 മാത്രം. നാമമാത്ര ജോലിയുള്ളവര്‍ 645 പേര്‍. 4279 പുരുഷന്‍മാരും 7716 സ്ത്രീകളും യാതൊരു തൊഴിലും ചെയ്യാന്‍ അവസരം ലഭിക്കാത്തവരാണ്. തൊഴിലില്ലായ്മയുടെ രൂക്ഷത ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 93-94% ആണ് സാക്ഷരത നിരക്ക്.

കാലാവസ്ഥാ വ്യതിയാനം, ദുരന്ത സാധ്യതകള്‍ വിശകലനം

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വളരെ പൊക്കം കൂടിയ മലകളാണ് കാണപ്പെടുന്നത്. 850 മുതല്‍ 900 അടി വരെ പൊക്കമുള്ള മലകള്‍ ഈ ഭാഗത്ത്  കാണപ്പെടുന്നു. ഇതോടൊപ്പമെത്തുന്ന    കുന്നുകള്‍ മറ്റ് പ്രദേശങ്ങളിലുമുണ്ട്.  കുമ്പഴ എസ്റ്റേറ്റിലെ 1-ാം ഡിവിഷന്‍, ബംഗ്ലാമുരുപ്പ്, ചീങ്കല്‍ത്തടം, കോട്ടമല, നീളാത്തി മുരുപ്പ്, ചെറുകുന്നത്ത് മല, മോളൂത്തറ മുരുപ്പ്, മുണ്ടയ്ക്കല്‍ മുരുപ്പ്, മണലൂര്‍ മുരുപ്പ്, ഉപ്പിടുംപാറ, വെള്ളറമുരുപ്പ്, പാറപ്പള്ളില്‍ മുരുപ്പ് തുടങ്ങി രണ്ട്  ഡസനിലധികം വരുന്നു ഈ മലകള്‍. ഈ വലിയ മലകള്‍ ഇവയുടെ വശങ്ങള്‍ കുത്തനെയുള്ള ചരിവുകളാണ്.  ഇവിടെ മണ്ണിടിച്ചിലിനും, ഉരുള്‍പൊട്ടലിനും വലിയ സാധ്യതകള്‍ കാണപ്പെടുന്നു. കയ്യാലകള്‍ കൃത്യമായി സ്ഥാപിക്കാത്തതുകാരണം  ഇവിടങ്ങളില്‍ മണ്ണൊലിപ്പ് സര്‍വ്വ സാധാരണമാണ്. ചില പ്രദേശങ്ങളില്‍ മണ്ണൊലിച്ചുപോയി പാറക്കെട്ടുകള്‍ തെളിഞ്ഞിരിക്കുന്നു. കുന്നിന്‍ ചരിവികളിലധികവും റബ്ബര്‍ കൃഷി നടത്തുന്നതായിട്ടാണ് കാണപ്പെടുന്നത്. ചെറിയ           ചരിവുകളില്‍ മണ്ണൊലിപ്പ് താരതമ്യേന  കുറവാണ്. 

          മലകള്‍ക്കിടയിലുള്ള താഴ്വരകള്‍ പൊതുവേ ഇടുങ്ങിയതാണ്. വെള്ളറ, പൊതീപ്പാട്, മുണ്ടയ്ക്കല്‍, കിഴക്കുപുറം, വെട്ടൂര്‍ പ്രദേശങ്ങളില്‍ നെല്‍വയലും കാണപ്പെടുന്നു. ജില്ലയില്‍ പൊതുവെ അനുഭവപ്പെടുന്ന കാലാവസ്ഥ തന്നെയാണ് ഗ്രാമപഞ്ചായത്തിലുള്ളത്.  എന്നാല്‍ ഉയര്‍ന്ന പ്രദേശമെന്ന നിലയില്‍ ചൂട് അല്പം കുറവുണ്ട്. സംസ്ഥാന ശരാശരിയേക്കാള്‍ ലഭിക്കുന്ന  മഴയുടെ അളവ് എപ്പോഴും ഇവിടെ കൂടുതലാണ്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കഠിനമായ ചൂട് അനുഭവപ്പെടുന്നു. അഗോളതലത്തില്‍ ഉണ്ടായ കാലാവസ്ഥ വ്യതിയാനം ഇവിടെയും ബാധിച്ചു. മുന്‍കാലങ്ങളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലുണ്ടായ തണുപ്പ് ഇപ്പോള്‍ ലഭിക്കാറില്ല. ആ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. 2018 ലെ മഹാപ്രളയം ഗ്രാമപഞ്ചായത്തിലെ 4 വാര്‍ഡുകളില്‍(പുതുക്കുളം, തോട്ടം, വെട്ടൂര്‍,വെട്ടൂര്‍ ടൗണ്‍) കൃത്യമായി ബാധിക്കുകയുണ്ടായി. നിരവധി വീടകള്‍ക്ക് കേടുപാട് സംഭവിച്ചു. ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിച്ചു. വളര്‍ത്തുമൃഗങ്ങള്‍ ഇല്ലാതായി. വിലപിടിച്ച രേഖകള്‍ നഷ്ടപ്പെട്ടു. അച്ചന്‍കോലിലാറിന്‍റെയും, കല്ലാറിന്‍റെയും തീരത്ത് താമസിക്കുന്നവര്‍ ഭീതിയില്‍ നിന്ന് ഇപ്പോഴും മുക്തരല്ല.

തദ്ദേശസ്വയംഭരണസ്ഥാപനം- പൊതുവിവരങ്ങള്‍

വാര്‍ഡുകള്‍

14

അക്ഷാംശ –രേഖാംശ വിവരങ്ങള്‍76.490, 9.170, 76.816667, 9.283333

(സ്രോതസ്: ഗൂഗിള്‍)

 

പട്ടിക 1.3 ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് തല വിഭജന  വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

റവന്യൂ വില്ലേജ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് വാര്‍ഡ് വിന്യാസം

ക്രമനമ്പര്‍റവന്യൂ വില്ലേജിന്റെ പേര്

റവന്യൂ വില്ലേജിന്റെ പരിധിയില്‍  വരുന്ന വാര്‍ഡുകള്‍,

നമ്പറും പേരും

1

മലയാലപ്പുഴ

3-പൊതീപ്പാട്, 4-പുതുക്കുളം, 5-തോട്ടം, 6-ഇലക്കുളം, 10-വടക്കുപുറം, 11-മലയാലപ്പുഴ മലയാലപ്പുഴ ടൌണ്‍, 12- മലയാലപ്പുഴ താഴം, 13-ചേറാടി, 14 - കോഴിക്കുന്നം 

2

കോന്നിതാഴം

7-കിഴക്കുപുറം, 8-വെട്ടൂര് 

3

വടശ്ശേരിക്കര

1-വള്ളിയാനി, 2-മുക്കുഴി, 4-പുതുക്കുളം

4

പത്തനംതിട്ട

9- വെട്ടൂര് ടൌണ്‍

(സ്രോതസ്: റവന്യൂ രേഖക)