മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
വളരെ പുരാതനമായ ഒരു ചരിത്രമാണ് മലയാലപ്പുഴയ്ക്കുള്ളത്. മഹാശിലയുഗമെന്ന് ചരിത്രകാരന്ന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള 3000 വര്ഷത്തോളം പഴക്കം വരുന്ന ച്രാചീന സംസ്ക്കാരം ഇവിലെ നിലനിന്നിരുന്നു. മയിലാടുംപാറ കോട്ടമുക്കുഭാഗത്തും, കുമ്പളത്താമണ്ണിലും കാണുന്ന തൊപ്പിക്കല്ലുകള്‍ ഇതിന് തെളിവാണ്. ചീങ്കല്ത്തടത്തില്‍ ഏതാനും വര്ഷങ്ങള്ക്കു മുമ്പ് റോഡ് നിര്മ്മിച്ചുകൊണ്ടിരിക്കുമ്പോള്‍ ചില മണ്കുടങ്ങള്‍ കണ്ടെത്തുകയുണ്ടായി. അഞ്ചടി പൊക്കവും 3 ഇഞ്ച് കനവും ഉണ്ടായിരുന്ന ഈ കുടങ്ങളില്‍ ചെറിയ വാളിന്റെയും മറ്റായുധങ്ങളുടേയുമൊക്കെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഈ കലങ്ങള്ക്ക് 2700 വര്ഷത്തെ പഴക്കമുണ്ടെന്ന് കേരളയൂണിവേഴ്സിറ്റിയുടെ ചരിത്രവിഭാഗം പറയുന്നു. പൊതീപ്പാട് സ്ക്കൂളിന്റെ സമീപത്തും ഇത്തരം കുടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇറമ്പാത്തോടുഭാഗത്ത് മുമ്പു കാണാനുണ്ടായിരുന്ന ആഴവും വിസ്താരവുമേറിയ ശിലാഗുഹകളും ഈ സംസ്ക്കാരത്തിന്റെ ഭാഗം തന്നെയാണ്.
മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നാണ് മലയാലപ്പുഴ ദേവീക്ഷേത്രം. ആയിരത്തിലധികം വര്ഷത്തെ പഴക്കം ഇതിനുണ്ട്. ക്ഷേത്രത്തിന്റെ ബലിക്കല്ലില്‍ കൊല്ലവര്ഷം 90 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു ക്ഷേത്ര പുനരുദ്ധാരണ വേളയില്‍ ഈ ശില എങ്ങനേയോ തകര്ന്നുപോയി. ദീര്ഘകാലം പന്തളം രാജാക്കന്മ്മാരുടെ അധീനതയിലായിരുന്ന മലയാലപ്പുഴ കാലാന്തരത്തില്‍ എളങ്ങല്ലൂര്‍(ഇടപ്പള്ളി) സ്വരൂപത്തിന്റെ ദേശങ്ങളിലൊന്നായിത്തീര്ന്നു.
ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ ശക്തമായ ജന്മിത്വം ഇവിടെ നിലനിന്നിരുന്നു. തോമ്പില്കൊട്ടാരത്തിലേക്ക് വാരവും, ഇടപ്പള്ളി സ്വരൂപത്തിലേക്ക് മിച്ചവാരവും ജനങ്ങള്‍ നല്‍കിയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രതാപൈശ്വര്യങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഗ്രാമത്തിന്റെ ഒരു ഭാഗം വഞ്ഞിപ്പുഴ മഠത്തിനു കൈമാറ്റം ചെയ്യപ്പെട്ടു. കണ്ടത്തില്‍ ചെറിയാന് മാമ്മന്‍ ഏക്കറിന് 15 രൂപ ക്രമത്തില്‍ മഠത്തില്‍ നിന്നും വാങ്ങിയ സ്ഥലം 1088 കന്നി 13 ന് ഹാരിസണ്‍ ആന്റ് ക്രോസ് ഫീല്ഡ് കമ്പനിക്ക് 95 രൂപ ക്രമത്തില്‍ വില്‍പ്പന നടത്തി. ഈ ക്രയവിക്രയത്തില്‍ നിന്ന് ലഭിച്ച ആദായമാണ് കണ്ടത്തില്‍ കുടുംബത്തെ ധനികരാക്കിയതെന്ന കാര്യം അധികമാര്ക്കും അറിഞ്ഞുകൂടാ. അനാഥമായിത്തീര്‍ന്ന തോമ്പില്‍ കൊട്ടാരം ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുകതന്നെ വേണം.
ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്ത നിരവധിയാളുകള്‍ ഇന്നാട്ടില് ഉണ്ടായിരുന്നു. നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ച കല്ലിടുക്കില്‍ കിട്ടന്സാര്‍ ജയില്‍ മോചിതനായപ്പോള്‍ വിരോചിതമായ സ്വീകരണമാണ് ലഭിച്ചത്. തൊട്ടുകൂട്ടായ്മകളും, തീണ്ടികൂടായ്മയും ഒരു കാലത്ത് ഇവിടെ ശക്തമായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളര്ച്ചയും, വൈക്കം സത്യാഗ്രഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടേയും കലാ സാംസ്ക്കാരിക സമിതികളുടേയും സ്വാധീനവും ക്ഷേത്ര പ്രവേശന വിളംബരവുമൊക്കെ ഈ അസ്പ്രൃശ്യത വളരെ വേഗം അപ്രത്യക്ഷമാകാന്‍ സഹായിച്ചു.
1940 കളില്ത്തന്നെ കുമ്പഴ എസ്റ്റേറ്റില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തിപ്പെട്ടു. ആദ്യം എ.ഐ.റ്റി. യു.സി.യും തുടര്ന്ന് ഐ.എന്‍.റ്റി.യു.സി യും രൂപീകരിക്കപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് ഈ സംഘടനകള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അമ്പതുകളുടെ ഉത്തരാര്ത്ഥത്തില്‍ വലിയൊരു കര്ഷക പ്രസ്ഥാനം മലയാലപ്പുഴയില്‍ രൂപം കൊണ്ടു. മഹിളാ പ്രസ്ഥാവനവും ആ കാലഘത്തിലാണ് ആരംഭിച്ചത്. കര്ഷക മഹിളാ സംഘടനകള്ക്ക് അന്നുണ്ടായിരുന്ന വളര്ച്ചയും സ്വാധീനവും തുടര്ന്ന് നിലനിര്ത്താന്‍ കഴിഞ്ഞിച്ചുണ്ടോ എന്ന് സംശയമാണ്.
മലയാലപ്പുഴയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം കൊല്ലവര്ഷം 1091 മിഥുനം 1-ാം തീയതി സ്ഥാപിതമായ മലയാലപ്പുഴ ഗവമ്മെന്റ് എല്‍ പി സ്ക്കൂളാണ്. തോമ്പില്‍ കൊട്ടാരത്തില്‍ നിന്നും സൗജന്യമായി നല്കിയ 30 സെന്റ് സ്ഥലത്ത് താനുവേലില്‍ ശ്രീ ഗോവിന്ദകുറിപ്പിന്റെ നേതൃത്വത്തില്‍ ഉല്പതിഷ്ണുക്കളായ ഏതാനും ആളുകള്‍ ചേര്ന്ന് കെട്ടിടം പണിതു സ്ക്കൂള്‍ ആരംഭിച്ചു. കോന്നി സ്വദേശിയായ ശ്രീ കൃഷ്ണന് നായര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1936 ല്‍ സഹകരണ സംഘം വക കെട്ടിടത്തില്‍ മലയാളം മിഡില്‍ സ്ക്കൂള്‍ ആരംഭിച്ചു. . ചക്കാലേത്തു കിഴക്കേതില്‍ നാരായണന്‍ സംഭാവന ചെയ്ത 90 സെന്റ് സ്ഥലത്തേക്ക് സ്ക്കൂള്‍ പിന്നീട് മാറ്റി സ്ഥാപിച്ചു. . അതാണ് ഇന്നത്തെ എന്‍ എസ് എസ് യു പി സ്ക്കൂള്‍. 1940 ല്‍ പൊതീപ്പാട് എസ് എന്‍ ഡി പി എല്‍ പി എസ് ആരംഭിച്ചു. 1960 ല്‍ അത് യു പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1966 ജൂണ്‍ 1-ാം തീയതി പ്രവര്ത്തനം തുടങ്ങിയ ജെ എം പി എച്ച് എസ് ന് വേണ്ടിയിരുന്ന 3.5 ഏക്കര്‍ സ്ഥലവും നാട്ടുകാര്‍ സൗജന്യമായി നല്കിയതാണ്. 8 എല്‍ പി സ്ക്കൂളുകളും, 3 യു പി സ്ക്കൂളുകളും ഒരു ഹയര്സെക്കന്ററി സ്ക്കൂളും സ്വകാര്യ മേഖലയിലുള്ള ഒരു ആര്‍ട്ട്സ് & സയന്‍സ് കോളേജും ഉള്പ്പടെ ആകെ 13 വിദ്യാലയങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നുണ്ട്. ഇവയില്‍ 5 എണ്ണം സര്ക്കാര്‍ വിദ്യാലയങ്ങളും 7 എണ്ണം സ്വകാര്യ വിദ്യാലയങ്ങളും, എച്ച് എസ് എസ് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുമാണ്. കുമ്പഴ എസ്റ്റേറ്റില്‍ അതിലെ തൊഴിലാളികളുടെ മക്കള്ക്കായി നടത്തുന്ന ഒരു എല്‍ പി സ്ക്കൂള്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വന്നു. .
ആയുര്വ്വേദ ചികിത്സാരംഗത്ത് ഒരു നല്ല പാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കൊട്ടാരം വൈദ്യന്‍ ശ്രീ രാമ വാര്യരുടെ ശിഷ്യന് കൈപ്ലാവില്‍ ശ്രീ പരമേശ്വരന്‍ നമ്പൂതിരി ഈ രംഗത്തെ ഒരു അതികായനായിരുന്നു. ഇറമ്പാത്തോട്ടില്‍ നാണുപിള്ള വൈദ്യര്‍, പത്തിശ്ശേരില്‍ നീലകണ്ഠന് വൈദ്യര്‍, പുതുക്കുളം പത്മനാഭന്‍ വൈദ്യര്‍, വട്ടമണ്‍ കുഴിയില്‍ കേശവ വൈദ്യര്‍ എന്നിവരൊക്കെ അറിയപ്പെട്ട ഭിഷ്യഗ്വരന്മാരായിരുന്നു. അത്രത്തോളം പ്രഗത്ഭരായവര്‍ ഇന്ന് ഈ രംഗത്ത് ചുരുക്കമാണ്. ഒരു പി എച്ച് സെന്ററും 4 സബ്സെന്ററും ഉണ്ടെന്നതൊഴിച്ചാല്‍ അലോപ്പതി മേഖലയിലും കാര്യമായ പുരോഗതിയൊന്നുമില്ല. നിസ്സാര രോഗങ്ങള്ക്കു പോലും പത്തനംതിട്ടയിലും, സമീപ പ്രദേശങ്ങളിലുമുള്ള ആശുപത്രികളെ സമീപിക്കേണ്ട ഒരു അവസ്ഥയാണിന്നുള്ളത്. വെട്ടൂരില്‍ ഗവണ്മെന്റ് ആയുര്വ്വേദ ആശുപത്രി പ്രവര്ത്തിക്കുന്നു. 1944 ല്‍ ചീങ്കല്ത്തടത്തില്‍ കാക്കുവൈദ്യന്‍ ആരംഭിച്ച മണ്ണ് ചികിത്സാകേന്ദ്രം 1971 വരെ വളരെ നല്ല നിലയില്‍ പ്രവര്ത്തിച്ചു. കൂടാതെ ഒരു ഹോമിയോ ഡിസ്പെന്സറിയും പ്രവര്ത്തിച്ചു വരുന്നു.
മലയാലപ്പുഴയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ആദ്യ കാലത്ത് രണ്ട നടപ്പാതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുക്കൂട്ടുങ്കല്‍- കണ്ണംപാറ വഴിയുള്ള പാതയും, പത്തിയം-വെട്ടൂര്‍ വഴിയുള്ള പാതയും, കയറ്റങ്ങളും ഇറക്കങ്ങളും തോയുകളും പാറക്കെട്ടുകളും കൊണ്ട് അവ ദുര്ഘടങ്ങളായിരുന്നുതാനും. 1914 ല്‍ നാട്ടുകാര്‍ ഒത്തുകൂടി കുമ്പഴ മലയാലപ്പുഴ റോഡ് നിര്മ്മിച്ചു. ഇത് നടക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന വഴിയാണ്. 1957 ല്‍ കുമ്പഴ മലയാലപ്പുഴ റോഡും തുടര്ന്ന് മണ്ണാറക്കുളഞ്ഞി പുതുക്കുളം റോഡും പി.ഡബ്ല്യു.ഡി എറ്റെടുക്കുകയും 1963 അവസാനത്തോടെ മെറ്റലിട്ട് ഗതാഗത യോഗ്യമാക്കുകയും ചെയ്തു. 1964 ജനുവരി 1 ന് കുമ്പഴ മലയാലപ്പുഴ റോഡ് ടാര്‍ ചെയ്തു. കാഞ്ഞിരപ്പാറ-കിഴക്കുപുറം വെട്ടൂര്‍ റോഡ് 1968 ല്‍ ഗവ. ഏറ്റെടുത്തു. റോഡിന്റെ വീതി കൂട്ടി മണ്‍വേലകള്‍ മുഴുവന്‍ നടത്തിയാണ് നാട്ടുകാര്‍ പി.ഡബ്ല്യു. ഡിയെ റോഡ് ഏല്‍പ്പിച്ചത്. ഏതാണ്ട് 20000 മനുഷ്യ അദ്ധ്വാന ദിനങ്ങള്‍ വേണ്ടി വന്നു പണി പൂര്ത്തിയാക്കാന്‍. പാഴായി പോകുന്ന മനുഷ്യ വിഭവ ശേഷി വികസന പ്രവര്ത്തനങ്ങള്ക്ക് ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാം എന്നതിന് ഒരു നല്ല മാതൃക ആയിരുന്നു ഈ മഹാ യഞ്ജം.
ആദ്യ കാല വീടുകള്‍ മുഴുവന്‍ പുല്ലു മേഞ്ഞവയായിരുന്നു. മുള, ഈറ മറ്റ് കഴകള്‍ ഇഴ ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിരുന്നത്. മണ്ണ് കൊണ്ട് ചുമര് ഉണ്ടാക്കിയിരുന്നു.വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചുറ്റോടു ചുറ്റും അഴികള്‍ ഉണ്ടാക്കി. കാലക്രമത്തില്‍ അറകളും നിരകളും ഉള്ള പരിഷ്കൃത ഭവനങ്ങള്‍ ഉണ്ടായി തുടങ്ങി. നാലുകെട്ടുകളും ധാരാളം ഉണ്ടായിരുന്നു. നൂറ്റാണ്ടിന്റെ മധ്യം ആയപ്പോള്‍ വീടുകളുടെ നിര്മ്മാണത്തിലാകെ മാറ്റം വന്നു. പുല്ലിന്റെ സ്ഥാനത്ത് ഓലയും ക്രമേണ ഓടും ഉപയോഗിച്ച് തുടങ്ങി. ഭിത്തികെട്ടാന്‍ വെട്ടുകല്ലാണ് ഇക്കാലത്ത് ഉപയോഗിച്ചത്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന വീടുകള്‍ എല്ലാം കോണ്ക്രീറ്റ് കെട്ടിടങ്ങളാണ്.
സാമൂഹ്യ ക്ഷേമ രംഗങ്ങളിലാകെ ഒട്ടാകം പുരോഗതി കഴിഞ്ഞകാലങ്ങളിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഉത്പാദന മേഖല വര്ഷങ്ങളായി മുരടിച്ചു നില്ക്കുന്നു. കാര്യമായ വ്യവസായങ്ങളൊന്നും ഇവിടെയില്ല. കാര്‍ഷിക മേഖലയില്‍ വലിയ തളര്ച്ച അനുഭവപ്പെടുന്നു. ഈ അവസ്ഥ തുടര്ന്നാല്‍ നേരിയ പുരോഗതി പോലും നിലനിര്ത്താനാവാതെ വരും. അതി രൂക്ഷമായ തൊഴിലില്ലായ്മയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അഭ്യസ്ത വിദ്യരായ ബഹുഭൂരിപക്ഷത്തിനും തൊഴിലില്ല. വിശേഷിച്ചും സ്ത്രീകളില്‍. പാഴായി പോകുന്ന ഈ ജനശക്തി ഉത്പാദന മേഖലകളിലേക്ക് തിരിച്ചു വിടേണ്ടിയിരിക്കുന്നു. അതിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് ഒത്തൊരുമിക്കാം.